2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

തട്ടിക്കൂട്ട് ബാലൈ " വാടകക്കെടുത്ത കൊട്ടാരം "

അടുത്ത ബെല്ലോടുകൂടി കൂട്ടം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന തട്ടിക്കൂട്ട് ബാലൈ " വാടകക്കെടുത്ത കൊട്ടാരം " ആരംഭിക്കുന്നതാണ് . അതിനു മുന്‍പായി ഈ ബാലൈയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ വിനയ പുരസ്സരം പരിചയപ്പെടുത്തട്ടെ .


കഥ : സുചിത്ത് ചേര്‍ത്തല ( 1982 നു ശേഷം ആനാട്ടില്‍ ഒരു വലിയ ഭഷ്യ ക്ഷാമം ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ഇപ്പോള്‍ ദുഫായിലാണ് )

സംഗീതം : ശ്രീ ഗുരുവായൂര്‍ ( 1985 നു ശേഷം ഗുരുവായൂരിലെ പെണ്‍കുട്ടികള്‍ ധൈര്യമായി പുറത്തിറങ്ങുന്നത് കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടാണ് )

നൃത്ത സംവിധാനം : ശ്രീജ .( അവള്‍ക്കു ഡാന്‍സ് മാത്രമല്ല പാട്ട് പാടാനും അറിയാം ദുബായ് മലയാളികളുടെ പേടി സ്വപ്നം ..ആഹാരം കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളെ അമ്മമാര്‍ ആഹാരം കഴിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് "നീ ഇത് തിന്നില്ലേല്‍ ശ്രീജ ചേച്ചിയുടെ പാട്ട് കേള്‍പ്പിക്കും "..)

ഗതാഗതം : ഹബീ (കാട്ടറബി ) ( മരണഭയമില്ലാത്തതുകൊണ്ട് ആണ് ഈ ട്രൂപ്പ് അംഗങ്ങള്‍ ഇദ്ദേഹത്തിന്‍റെ വാഹനത്തില്‍ കയറുന്നത് .)

രംഗ പടം : സുപ്രു അഥവാ സൂപ്പര്‍മാന്‍ ( അദ്ദേഹത്തിന്റെ പറക്കുവാനും ഭാരംചുമക്കുവാനും ,ഇതിലേറെ ബാലൈയുടെ അവസ്സാനം നടക്കുന്ന കൂട്ടയോട്ടത്തില്‍ നഷ്ടപ്പെടുന്ന ട്രൂപ്പംഗങ്ങളെ രക്ഷിച്ചു കൊണ്ട് വരുവാനുമുള്ള കഴിവ് മൂലം ഇദ്ദേഹം ഈ ട്രൂപ്പംഗങ്ങളുടെ രക്ഷിതാവും കാണപ്പെട്ട ദൈവവുമാകുന്നു .)

മേക്കപ്പ്‌ : ഡോക്ടര്‍ : ജയന്‍ .(ബാലൈയുടെ അവസാന ഘട്ടത്തില്‍ നടീ നടന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്ന ചതവുകളും ഒടിവുകളും മേക്കപ്പ്‌ ചെയ്യുന്നത് ബഹുമാന്യനായ ഇദ്ദേഹമാണ് .)

ക്യാമറ : മുജീബ്‌ ( ഈ നാടകത്തിന്‍റെ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ അഭ്രപാളികളില്‍ ആലേഖനം ചെയ്യുവാനായി പ്രത്യേകക്ഷണപ്രകാരം വന്നിട്ടുള്ളതാണ് .)

പ്രകാശ നിയന്ത്രണം : സിറു.( പണ്ട് നാട്ടില്‍ ഒരുപാട് കുളിമുറികളില്‍ ലൈറ്റ് അടിച്ചും അടികൊണ്ടും തഴക്കവും പഴക്കവും ഉള്ള ഇദ്ദേഹമാണ് ഞങ്ങളുടെ പ്രകാശ സംവിധാനം .)

സംഘട്ടനം : ഡോണ്‍ .( ഇദ്ദേഹത്തിന്‍റെ പ്രധാന വിനോദം വെടി വച്ച് കളിക്കുക എന്നതാണ് അതിനാല്‍ ഈ ബാലൈക്കിടയില്‍ ഗ്രീന്‍ റൂമില്‍ നിന്നും വെടി ശബ്ദങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ പരിഭ്രമിക്കരുത്‌ ഇദ്ദേഹം പരിശീലനം നടത്തുന്നതാണ് .)

ഗാന രചന : ഷാഫി ഭായ് (എതു തരം ഗാങ്ങളും നിമിഷങള്‍ക്കുള്ളില്‍ രചിക്കും എന്നതാണു ഇദ്ദേഹത്തിന്റെ പ്രത്യേകത .ചില അസ്സൂയക്കാര്‍ അതെല്ലാം സിനിമാ ഗാനങ്ങളാ‍ണെന്നു പറയുമെങ്കിലും അത് അസ്സൂയ മൂലമാണ് പറയുന്നതെന്നാണു ഇദ്ദേഹത്തിന്റെ വാദം)

ഗാനങ്ങള്‍ രംഗങ്ങള്‍ : മനു .( ഇദ്ദേഹത്തിന്‍റെ എല്ലാ ഗാന രംഗങ്ങളും മഴയിലാണ് നടക്കുക എന്നത് കൊണ്ട് മാത്രം ഈ ട്രൂപ്പിനു നഷ്ടം ഓരോ കളിക്കും ഒരു ടാങ്കര്‍ വെള്ളം .)

വസ്ത്രാലങ്കാരം : ചുമ്മാ ( ഇദ്ദേഹത്തിനു ഒന്നുമറിയില്ലെന്നും ചുമ്മാതെ ആണ് വസ്ത്രാലങ്കാരം നടത്തുന്നതെന്നും ഗ്രീന്‍ റൂമില്‍ സുഖമായ ഇരുത്തത്തിനു വേണ്ടിയാണ് വരുന്നതെന്നും ട്രൂപ്പിലെ പലരും പറയുന്നത് അസൂയ മൂലമാണ് .)

നിര്‍മ്മാണ നിയന്ത്രണം : ദിവ്യ ( നിര്‍മ്മാതാവിന്‍റെ മറ്റുള്ള പെണ്‍കുട്ടികളോടുള്ള സമീപനം നിയന്ത്രിക്കല്‍ എന്നതാണ് ഇവളുടെ ജോലി )

നിര്‍മ്മാണം : ശ്രീമാന്‍ വിഷ്ണു ( നിര്‍മ്മാണ നിയന്ത്രണം നടത്തുന്ന ആളിന്‍റെ അനുവാദമില്ലാതെ എനിക്ക് ഇദ്ദേഹത്തിനെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല .)

തിരക്കഥ ,സംഭാഷണം,സംവിധാനം : Mr:കാള( അതീ ഞാന്‍ തന്നെ .... എന്നെ കുറിച്ച് ഒരു പാട് പറയേണ്ടതില്ലല്ലോ എന്‍റെ പേരില്‍ തന്നെ എല്ലാമുണ്ട് .)

പിന്നെ ഈ ട്രൂപ്പുടമകള്‍ : ശ്രീ ജ്യോതി കുമാര്‍ & ജയ മോഹന്‍ ‍ ( ഞങ്ങള്‍ക്ക് ഇങ്ങനെ ബാലൈകള്‍ കളിച്ചു തല്ലുകൊള്ളാന്‍ വേണ്ടി ഈ ചേട്ടന്മാരാണ് ഈ ട്രൂപ്പ്‌ ഉണ്ടാക്കി തന്നിരിക്കുന്നത് ....അതിനു ഇവര്‍ക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ..)


ഇനി ഒരാള്‍ കൂടി ഇതിന്റെ അണിയറയിലുണ്ട് ഈ ട്രൂപ്പിലെ പെണ്‍കുട്ടികളുടെ എല്ലാം സഹോദരനും എന്‍റെ അളിയനുമായ റിയാസ്‌ ഭയ്യ ഇപ്പൊ കര്‍ട്ടന്‍ ചരടുമായി രംഗ നിയന്ത്രണത്തിന് പോയിരിക്കുന്നു .


ഇനി അരങ്ങിലുള്ളവരെ :
അത് അവരുടെ കഥാ പാത്രങ്ങള്‍ രംഗ പ്രവേശം ചെയുമ്പോള്‍ നിങ്ങള്‍ക്ക് സൂത്രാധാരന്‍ പരിചയപ്പെടുത്തുന്നതാണ് .ഇതിന്‍റെ അണിയറയിലെ പലരും അരങ്ങത്തും നിങ്ങളെ സന്തോഷിപ്പിക്കുവാനായി എത്തുന്നതാണ് .

പിന്‍കുറിപ്പ്: ഇതിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഇപ്പോള്‍ ഓണ്‍ ലൈനില്‍ ഉള്ളവരോ ഇനി വരാന്‍ സാധ്യതയുള്ളവരോ ആയ ആരുമായും സാദൃശ്യം ഇല്ല . ഉണ്ടെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം .( അതിനുള്ള തല്ലു ഞാന്‍ വേറെ കൊള്ളാം .)
ഇനി നാടകം തുടങ്ങാം .


ട്രീം ...................ട്രീം.....................



രംഗം ഒന്ന് :



വാടകക്കെടുത്ത തുളസീധര(TDR) മഹാരാജാവിന്‍റെ കൊട്ടാരം .



അന്തപ്പുരത്തില്‍ വളരെ വിഷ്ണനായി ഇരിക്കുന്ന മഹാരാജാവ് ,


അദ്ദേഹത്തിന് വെഞ്ചാമരം വീശുന്ന രണ്ടു തോഴിമാര്‍ തോഴിമാരെ രാജാവ് പഞ്ചാരയടിച്ചാല്‍ തൊഴിക്കാന്‍ തയാറായി നില്‍ക്കുന്ന മാലാഖയുടെ മുഖവും ചെകുത്താന്റെ സ്വഭാവവും ഉള്ള മാലാഖ മഹാറാണി .


മഹാറാണി : അങ്ങേന്താണ് വളരെ ദുഖിതനായി ഇരക്കുന്നത് ഛെ അല്ല ഇരിക്കുന്നത് മഹാരാജന്‍ ?
തലയുയര്‍ത്തി നോക്കുന്ന മഹാരാജന്റെ കണ്ണുകളില്‍ ഭയം .

മഹാരാജാവ് : നമ്മുടെ മഹാരാജ്യത്തില്‍ പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാളുവയ്ക്കുംപോള്‍ അല്ല വാഴുമ്പോള്‍ നാമെങ്ങനെ ദുഖിതനാകാതിരിക്കും മഹാറാണീ .? കൂടാതെ കൂനിന്‍മേല്‍ തെങ്ങ് പോലെ
പുര നിറഞ്ഞു നില്‍ക്കുന്ന ഇളയ മൂന്നു പെണ്മക്കള്‍ ,ഒളിച്ചോടി പോയിട്ടും കയ്യിലിരിപ്പിന്റെ ഗുണത്താല്‍ തിരികെ വന്നു നില്‍ക്കുന്ന മൂത്ത രണ്ടുപേര്‍ . അച്ഛന് നാട്ടുകാരുടെ തല്ലു വാങ്ങിച്ചു തരാന്‍ പരസ്പരം മത്സരിക്കുന്ന തല്ലിയാല്‍ പൊളിയുന്ന ഏഴു ആണ്മക്കള്‍ ആത്മഗതം .... നാട്ടിലെ പെണ്‍ പിള്ളേരുടെ തന്തമാരുടെ കൈ രേഖ എന്‍റെ മുഖത്ത് പതിപ്പിക്കുവാന്‍ കച്ച കെട്ടിയിറങ്ങിയ മൂത്തമകന്‍ ആയില്യം തിരുനാള്‍ വിഷ്ണു തമ്പുരാന്‍ ....മുച്ചീട്ട് കളിച്ചു കൊട്ടാരത്തിന്‍റെ ആധാരം വരെ പണയം വച്ച രണ്ടാമന്‍ ശനി തിരുനാള്‍ ദീപക്ക് വര്‍മ്മ തമ്പുരാന്‍ ,വായിലിരിപ്പ് കൊണ്ട് നാട്ടുകാരുടെ കയ്യിലുണ്ണി ആയ മകം തിരുനാള്‍ നന്ദു തമ്പുരാന്‍ ,ബാലകലോല്സവ പരമ്പരകള്‍ നടത്തി കൊട്ടാരം പോലീസുകാരുടെ കണ്ണിലുണ്ണിയായ അത്തം തിരുനാള്‍ ആഷി തമ്പുരാന്‍ ,ഈ രാജ്യം പട്ടിണിയില്‍ ആറാടിക്കാന്‍ ജനിച്ച കോഴി തിരുനാള്‍ സുചി തമ്പുരാന്‍ , വല്ലപ്പോഴും നാട്ടുകാര്‍ക്ക് സുഖമാണോ എന്നറിയാന്‍ വെളിയിലേക്ക് ഇറങ്ങുകയും ഇറങ്ങിയാല്‍ അപ്പോള്‍ തന്നെ നാക്കിന്‍റെ ദോഷം കൊണ്ട് നാട്ടുകാരുടെ കയ്യില്‍ നിന്നും നല്ല പോലെ വാങ്ങി കെട്ടുകയും ചെയ്യുന്ന രാഹു തിരുനാള്‍ ഷാഹുല്‍ മോന്‍ , ജനിച്ചതെയുള്ളൂ എങ്കിലും എന്നെ അടിക്കൂ എന്നും പറഞ്ഞു വടിയും വെട്ടികൊണ്ട് ഒരു ബക്കറ്റ് വെള്ളത്തില്‍ പുറത്തിറങ്ങുന്ന ശിശുവായ ശിശു തമ്പുരാന്‍ ,ഹോ ഇവന്‍മാരുടെ തല കണ്ടപ്പോഴേ എന്‍റെ കാര്യം കട്ടപ്പോക ആയി ഇനി ആനന്ദിക്കാന്‍ എന്താണുള്ളത് മഹാറാണി പറയൂ ...... (കരയുന്നു ..)

മഹാറാണി : അങ്ങ് കയറൂരരുത് അല്ല കരയരുത് മഹാരാജന്‍ ...കരയരുത് ...അങ്ങ് കരഞ്ഞാല്‍ എനിക്ക് ചിരി താങ്ങാന്‍ കഴിയില്ല . ഇതെല്ലാമാണെങ്കിലും അങ്ങ് ഭരിക്കുന്ന ഈ രാജ്യത്തിനും കൊട്ടാരത്തിനും പട്ടിണിക്ക് ഒരു കുറവുമില്ല എന്നോര്‍ത്ത് അങ്ങ് ആഹ്ലാദിക്കൂ.. മഹാരാജന്‍ .

മഹാരാജാവ് :അതോര്‍ക്കുംപോഴാണ് റാണീ നമുക്ക് കൂടുതല്‍ ഭയം എന്നാണ് നാട്ടുകാര്‍ തല്ലി കൊല്ലുന്നത് എന്നറിയില്ല . (വിതുമ്പുന്നു .... ചുറ്റും നോക്കുന്നു ....കട്ടിലിനടിയില്‍ നോക്കുന്നു ....)

മറ :അങ്ങേന്താണ് തിരയുന്നത് മഹാരാജന്‍ ...??

മരാ: അല്ല ബ്ലൈഡുകാര്‍് ആരേലും വന്നു ഒളിച്ചിപ്പുണ്ടോ അന്ന് നോക്കിയതാ ...!! ആശ്വാസം ആരുമില്ല ..

പെട്ടെന്ന് ഒരു മിന്നല്‍ പോലെ ആരോ പാഞ്ഞു വരുന്നു ..... ഇത് കണ്ടു കട്ടിലിനടിയില്‍ കയറുന്ന മഹാരാജാവിനെ കാലില്‍ പിടിച്ചു വെളിയിലേക്ക് വലിച്ചിടുന്ന മഹാറാണി

മറ : ഇത് ബ്ലൈട്കാരല്ല നമ്മുടെ മഹാ തന്ത്രി അല്ല മന്ത്രിയാ (എന്നിട്ട് മന്ത്രിക്കുനേരെ ഒരു കടാക്ഷം ...അവര്‍ തമ്മിലെന്തോ ചില ചില്ലറ ഇടപാടുകള്‍ ഉണ്ടെന്നു റേഡിയോ മാംഗോയിലൂടെ നാട്ടില്‍ മുഴുവന്‍ പാട്ടാണ് ....പാവം രാജാവിതോന്നും അറിയുന്നില്ല )


മാരാ : ഹോ ഞാന്‍ കരുതി കൊട്ടാരം ഓണര്‍ അഡ്മിന്‍ ചേട്ടന്‍ വാടകക്ക് വേണ്ടി വന്നതാണെന്ന് .
മന്ത്രിയായിരുന്നോ ..??

മന്ത്രി : കൊല്‍തിരി,സാമ്പ്രാണിത്തിരി ,കൊതുകുതിരി ,ചന്ദനത്തിരി ,മെഴുകുതിരി രാജ്യം വാഴും മഹാരാജാവ് tdr വീണാല്‍ നീളട്ടെ ...മഹാറാണി വീണാല്‍ വീഴട്ടെ ...

മരാ : എന്താണ് മഹാ മന്ത്രി സ്ത്രീക്കുട്ടാ പ്രജകള്‍ക്കൊക്കെ ക്ഷാമം തന്നെയല്ലേ ...??? എന്താണ് പുതിയ വാര്‍ത്ത .ഉണര്ത്തിക്കൂ....

മന്ത്രി : അങ്ങ് ഉണര്‍ന്നു തന്നെയല്ലേ നില്‍ക്കുന്നത് ..???..(കിളവനെന്താ സ്വപ്നത്തിലാണോ ..???)
മരാ: അല്ല പറയടേ എന്തുവാ കാര്യം ...?

മന്ത്രി : അയല്‍നാട്ടില്‍ നിന്നും ദൂതുമായി ഇത്തവണ ഒരാളിനെ അയച്ചിരിക്കുന്നു ...മുഖം കാണിക്കാന്‍ കാത്തു നില്‍ക്കുന്നു ....പറഞ്ഞു വിടട്ടെ ..???

മരാ : എല്ലാതവണയും പ്രാവിനെയാണല്ലോ പറഞ്ഞു വിടാറ് ഇത്തവണ എന്താ വിശേഷിച്ചു ആളിന്‍റെ കയ്യില്‍ ഓല കൊടുത്തു വിട്ടത് ..??

മന്ത്രി : അത് പിന്നെ അങ്ങ് മനുഷ്യ മാംസം തിന്നില്ല എന്നറിയാവുന്നതു കൊണ്ടാകും ..!!!

മരാ : ഛെ ഒരു നല്ല പ്രാവ് ബിരിയാണി ലഞ്ചിന് കാണും എന്നാശിച്ചു ...നശിപ്പിച്ചു എനിക്കാരേയും കാണേണ്ട എന്ന് പറഞ്ഞേക്കൂ .....


മറ : വേണ്ട പറഞ്ഞു വിടണ്ട ഞാന്‍ പോയി കൊണ്ടിട്ടു ...അല്ല കണ്ടിട്ട് വരാം എന്താണ് കാര്യമെന്ന് അറിയാമല്ലോ ..( മഹാറാണി പോകുന്നു ....മഹാരാജാവിന്റെയും മന്ത്രിയുടെയും മുഖങ്ങള്‍ പ്രസന്നമാകുന്നു ..)


കുറച്ചു സമയം കഴിഞ്ഞു ....

ഓലയുമായി കിടന്നു അല്ല കടന്നു വരുന്ന മഹാറാണി കാണുന്നത് തോഴി മാരുടെ തോളില്‍ കയ്യിട്ടു കുശലാന്വേഷണം നടത്തുന്ന മഹാരാജാവിനെയും മഹാ മന്ത്രിയെയും ആണ് .
മഹാരാണിയുടെ ഒരു തൊഴിയില്‍ നാലുകരണം മറിഞ്ഞു പോയ രണ്ടു പേരും എഴുന്നേറ്റു മഹാ റാണിയുടെ കാല്‍ക്കല്‍ വീഴുന്നു ...അനന്തരം ...

മരാ,മന്ത്രി: ഒരേ സ്വരത്തില്‍ .."ക്ഷമിക്കൂ മഹാറാണി ....ഞങ്ങളോട് ക്ഷമിക്കൂ "


കുറച്ചു നേരത്തെ ചമ്മലിനു ശേഷം തന്‍റെ ഗൌരവം വീണ്ടെടുത്ത മഹാരാജാവ്
മഹാരാണിയുടെ മുഖത്ത് നോക്കാതെ ..

മരാ : എന്താണ് സന്ദേശം ??

മറ : നിങ്ങള്ക്ക് ഏഴു ഭാര്യമാരുണ്ടെന്നു അറിഞ്ഞു അയല്‍ രാജാവ് അയച്ച അനുശോചന സന്ദേശമാണ് ....

മരാ : അഭിമാനത്തോടെ എന്താണ് എഴുതിയിരിക്കുന്നത് ...വായിക്കൂ മഹാറാണീ...നോം കേള്‍ക്കട്ടെ ..
മറ : " നിനക്ക് ഇനിയും മതിയായില്ലേ ...???"

മന്ത്രി : അയ്യേ .....ഹോ എന്നാലും എനിക്ക് സമാധാനമായി ഇനി ആരുമില്ല ഈ ചോദ്യം ചോദിക്കാന്‍ ....എല്ലാം തികഞ്ഞു ...

മരാ : മന്ത്രീ ആ കൊട്ടാരം ബ്രോക്കര്‍ മനാഫിനോട് വരാന്‍ പറയൂ ...പിള്ളേര്‍ക്ക് നല്ല കല്യാണ ആലോചന വല്ലതും വന്നോ എന്ന് നോക്കട്ടെ ....(വിഷയം മാറ്റുന്നു രാജാവ് ....)

കൊട്ടാരം ബ്രോക്കര്‍ സുല്‍ത്താന്‍ വീട്ടില്‍ മനാഫ് കടന്നു വരുന്നു ......

മരാ:കിടന്നു വരൂ കൊട്ടാരം മഹാ ബ്രോക്കര്‍ ...കടന്നു വരൂ ...എന്തായി നാം ഏല്‍പ്പിച്ച കാര്യങ്ങള്‍ ..??

സു .മ : അത് ...അത് അങ്ങ് പറഞ്ഞ പോലെ ഈ കൊട്ടാരം വാടകക്കെടുക്കാന്‍ ഒരു പാര്‍ട്ടി വന്നിട്ടുണ്ട് കടവത്തൂര്കാരന്‍ ഒരു കാഞ്ചനദാസന്‍ ..

മാരാ : ആരാ അത് ആണോ പെണ്ണോ ?? പേര് കേട്ടിട്ടറിയാന്‍ വയ്യ ...

സു.മ : രണ്ടുമല്ലാത്ത ആളാ അത് മഹാരാജന്‍ ....

മാരാ : ഛീ മ്ലേഛം ,,, അത്തരക്കാര്‍ക്കു നമ്മുടെ കൊട്ടാരം വാടകയ്ക്ക് കൊടുക്കാനോ നടക്കില്ല ...

ആരവിടെ കൊട്ടാരം സര്‍വ്വ സൈന്യാധിപന്‍ ഡോണിനോട് വരാന്‍ പറയൂ ഇന്നവനെ വെടി വച്ച് കൊല്ലണം ....... ഹാ താങ്കള്‍ പറയൂ നമ്മുടെ പുത്രിമാര്‍ക്കും പുത്രന്മാര്‍ക്കും പറ്റിയ വല്ല ആലോചനകളും തടഞ്ഞോ

സു.മ.: അത് അങ്ങയുടെ പെണ്മക്കള്‍ക്കു വാനരന്മാരെ അല്ല വരന്മാരെ( രണ്ടും ഒന്ന് തന്നെ ) തേടുന്നതിനു എന്നെ കൊണ്ടാകില്ല ..!!!

മരാ : കാരണം ..???

സു.മ: അത് വെറുതെ കൊടുത്താലും ആരും വരില്ല കാരണം അത്രയ്ക്ക് ലോക പ്രസിദ്ധമല്ലേ അവരുടെ പ്രവര്‍ത്തികള്‍ ....

മാരാ : താനെന്താടോ പറയുന്നത് അവര്‍ക്കെന്താ കുഴപ്പം ..???

സു.മ : കുഴപ്പമോ ...ഞാന്‍ തന്നെ പറയണോ ....ഹം ...ആ ചെവി ഇങ്ങു താ ...പറയാം

രാജാവിന്‍റെ ചെവിയില്‍ എന്തൊക്കെയോ പിറുപിറുക്കുന്ന കൊട്ടാരം ബ്രോക്കറുടെ ഓരോ വാക്കിനും മഞ്ഞയും പച്ചയും ചുമപ്പും മാറി മാറി കത്തുന്ന രാജാവിന്‍റെ മുഖം അവസാനം ഫ്യൂസായ ബള്‍ബ്‌ പോലെയാകുന്നു ...... ആസനത്തില്‍ ഛെ അല്ല സിംഹാസനത്തില്‍ തളര്‍ന്നു വീഴുന്നു ....ഇത് കണ്ടു വീശി കൊണ്ടിരുന്ന തോഴിമാര്‍ ആഞ്ഞു വീശി ...മഹാറാണി വെള്ളമടിക്കാന്‍ ഛെ അല്ല വെള്ളമെടുക്കാന്‍ കുശിനിയിലേക്ക് ഓടി ....


രംഗം 2:


രംഗത്ത് മഹാരാജാവും മന്ത്രിയും കൊട്ടാരം ബ്രോക്കറും മാത്രം . ഏഴരയുടെ സീരിയല്‍ തുടങ്ങിയത് കൊണ്ട് ഇനി പത്തു മണി വരെ മഹാറാണിയെയോ തോഴിമാരെയോ എന്തിനു ഒരു പെണ്‍ നായയെ പോലും കണി കാണാന്‍ കിട്ടില്ല ,എന്നറിയുന്ന അവര്‍ മുറി നിറഞ്ഞു നിക്കുന്ന രാജകുമാരിമാരെ ആരുടെയെങ്കിലും തലയില്‍ കെട്ടി വയ്ക്കാനുള്ള പോം വഴികള്‍ തല പുകഞ്ഞു ആലോചിച്ചു തുടങ്ങി ( ചുമട്ടു തൊഴിലാളികള്‍ ജാഗ്രതൈ ).


ചര്‍ച്ചിച്ച് ബോറടിച്ചപ്പോള്‍ മഹാരാജന്‍ കുശിനിയിലേക്ക് നോക്കി വിളിച്ചു "ആരവിടെ ????"
വിളി കേള്‍ക്കാന്‍ കാത്തു നിന്നപോലെ കൊട്ടാരം കാവല്‍ക്കാരന്‍ പാഞ്ഞെത്തി .

ഭടന്‍ : "എന്നെ വിളിച്ചോ രാജാവേ നീ , എന്തൊക്കെ ഉണ്ടെനു ചൊല്ലുക നീ "....( ആര്‍ത്തി മൂത്ത് ഭ്രാന്തായ മണ്ടൂസ് എല്ലാം പാട്ടിലൂടെയേ പറയൂ ചോദിക്കൂ അവന്‍ വാ തുറന്നാല്‍ പാട്ടാ....)

മാരാ : എഡോ ഭടോ താന്‍ ഉടന്‍തന്നെ കുശിനിയില്‍ പോയി നമുക്ക് ഒരു പള്ളി ചായയും മഹാ മന്ത്രി സ്ത്രീക്കുട്ടന് ഒരു സാദാചായയും ആ കൊട്ടാരം ബ്രോക്കര്‍ക്ക് ഒരു കട്ടന്‍ ചായയും ,തരാന്‍ ആ കൊട്ടാരം പാചകക്കാരി മീനുവിനോട് പറയൂ ....

ഭടന്‍ : "കാര്യങ്ങള്‍ കേട്ടു സന്തോഷമായി , ഞാനിപ്പോള്‍ പോയിട്ട് ചായയുമായിട്ട് പിന്നെ വരാം..."

പോകാതെ അവിടെ കിടന്നു താളം ചവിട്ടുന്ന ഭടനോടു :

മാരാ : മതിയെടെയ്‌ ഒന്ന് പോടേയ്‌ ...

ഭടന്‍ പോകുന്നു


നമുക്ക് മഹാരജനെയും കൂട്ടരെയും അവിടെ ചര്‍ച്ചിക്കാന്‍ വിട്ടിട്ടു ഭടനോടൊപ്പം അന്തപുരത്തിലേക്ക് പോകാം .

രംഗം 3:

അന്തപുരവാതിലിനടിയിലൂടെ ഒഴുകി വരുന്ന വെള്ളം !!!... ( എന്താണ് അമ്പരക്കണ്ട ...നോക്കാം ..)

വെള്ളത്തില്‍ ചവിട്ടാതെ വാതിലില്‍ മുട്ടാന്‍ പാട് പെടുന്ന ഭടന്‍ ...

അവസ്സാനം അഞ്ചു മിനിട്ട് നേരത്തെ കാത്തു നില്‍പ്പിനു ശേഷം വാതില്‍ തുറക്കപ്പെടുന്നു ..

കൊട്ടാരം തൂപ്പുകാരി കാഞ്ചന വാതില്‍ തുറന്നു വെളിയിലേക്ക് എത്തി നോക്കി ...(അല്ലേലും അവള്‍ക്കതാശീലം എത്തിനോട്ടം+വായിനോട്ടം ..)


വെള്ളത്തിന്‍റെ ഉറവിടം കണ്ട ഭടന് മഹാരാജാവ് സൌജന്യമായി നല്‍കുന്ന കുടിവെള്ളതിനെന്താ ഉപ്പുരസം എന്ന് മസ്സിലായി ...

കൊട്ടാരം സ്ത്രീജനങ്ങളുടെ മുന്നിലെല്ലാം ഓരോ ബക്കറ്റ് .കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി ... ഒന്ന് ...രണ്ടു മൂന്നു ...എത്രവേഗമാണ് ബക്കറ്റുകള്‍ നിറയുന്നത് ...ചിലരുടെ ബക്കറ്റുകള്‍ നിറഞ്ഞു ഒഴുകുന്നതാണ് ഈ പ്രളയ കാരണം എന്ന് മനസ്സിലാക്കിയ ഭടന് വാള്‍ വന്നു ...എന്നാല്‍ കാഞ്ചനയെ കണ്ടതും വന്ന വാള്‍ താനേ പിന്‍വലിഞ്ഞു

കൂടെ തന്‍റെ പാട്ടുകളും ഭടന്‍ മറന്നു ......( അല്ലേലും കാഞ്ചിയെ കണ്ടാലും കഞ്ഞി കണ്ടാലും അവനങ്ങനാ..)

കാഞ്ചി : എന്താ ഡോ ഭടോ ..???

ഭടന്‍ : ഒന്ന് കിട്ടിയാല്‍ കൊള്ളാമായിരുന്നു ...!!!

ടേ .............

ഭടന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു .


ഭടന്‍ വായില്‍ നിന്നും കൊഴിഞ്ഞ പല്ലെടുത്തു കയ്യില്‍ വച്ച് തൂക്കി നോക്കി .

എന്നിട്ട് ചോദിച്ചു ...

ഭടന്‍ : നീയെന്തിനാ കാഞ്ചൂ എന്നെ തല്ലിയെ..???

കാഞ്ചി : താനല്ലേ ഒന്ന് വേണം എന്ന് പറഞ്ഞത് ..??

ഭടന്‍ ഏയ്‌ ഞാനതല്ലേ ഉദ്ദേശിച്ചത് ...!!!

കാഞ്ചി : ഓ അതാണോ ..? അതിനാണേല്‍ താന്‍ പോയിട്ട് പിന്നെ വാ അടുക്കളയുടെ പിറക് വശത്ത് ഞാനുണ്ടാകും ...

ഭടന്‍ : ഛെ ഞാനാടൈപ്പല്ല.....

കാഞ്ചി : പിന്നെ താനെന്താ ഉദ്ദേശിച്ചേ ...

ഭടന്‍ : മഹാരാജന് ഒരു പള്ളി ചായയും ,മഹാമാന്ത്രിക്ക് ഒരു സാദാ ചായയും ,മഹാ ബ്രോക്കര്‍ക്ക് ഒരു കട്ടന്‍ ചായയും വേണമെന്ന് കല്പിച്ചു .....

കാഞ്ചി : അതിനാണേല്‍ താന്‍ പോയിട്ട് ഒരു പത്തു മണി കഴിഞ്ഞിട്ട് വാ ... അപ്പോഴേ സീരിയല്‍ തീരൂ .

ഭടന്‍ : എന്നാല്‍ ഞാനാ വിവരം മഹാരാജനോട് ഉണര്‍തത്തിച്ചിട്ടു വരാം .....

കാഞ്ചി : വരുമോ ...???

ഇത് കേട്ടതും ഭടന്‍ അവിടെനിന്നും ജീവനും കൊണ്ട് പാലായനം ചെയ്തു ....



രംഗം നാല് 4 :



തിരക്കിട്ട ചര്‍ച്ചയിലിരിക്കുന്ന മഹാരാജാവിന്‍റെയും മന്ത്രിയുടെയും ഇടയിലേക്ക് ഭടന്‍ കയറി ചെല്ലുന്നു .

ഭടന്‍ : മഹാ രാജാവ് വിണാല്‍ നീളട്ടെ .......

മഹാരാജന്‍ ഞെട്ടി തിരിഞ്ഞു എന്തോ എടുത്തു ഉടുപ്പിനടിയില്‍ ഒളിപ്പിക്കുന്നു .....

താഴെ നിദ്രയിലാണ്ടു കിടക്കുന്ന കൊട്ടാരം ബ്രോക്കര്‍ ബ്രോക്കര്‍ക്ക് കമ്പനി കൊടുക്കാന്‍ ബ്രോക്കരോടൊപ്പം നിദ്രയിലാണ്ട മഹാ മന്ത്രി ....


മാരാ : എന്താഴോ പഴോ ??? പിന്നില്‍ വന്നു നിന്ന് പേഴിപ്പിക്കുന്നോ...???
എവിഴെ ഷായ....??

ഭടന്‍ : ക്ഷമിക്കണം പ്രഭോ "അവിടുത്തെ കാഞ്ചന എന്നോട് ചൊല്ലീ ഇവിടിപ്പം ചായ ഇല്ല പോലും സീരിയല്‍ കണ്ണീരു തോര്‍ന്നാല്‍ അപ്പതരാം എന്ന് ചൊല്ലീ..."

മാരാ : പോഴോ ....ബ്വാ....ഗ്വാ...........

അതി വിദഗ്ദ്ധമായി ആവാളില്‍ നിന്നും മണ്ടൂസ് ഒഴിഞ്ഞു മാറി ...

എന്നിട്ട് പറഞ്ഞു " ഹോ പണ്ടാരം ഇപ്പോള്‍ തലയും കൊണ്ട് പോയേനെ ..,ഭാഗ്യത്തിന് രക്ഷപെട്ടു ...ഇവിടെ നിന്നാല്‍ നാളെ ഞാന്‍ ശവമാകും പോയേക്കാം..."

പള്ളി നിദ്രയിലേക്ക് ആണ്ടു പോയ മഹാരാജന് പ്രമാണം പറഞ്ഞു കൊണ്ട് ഭടന്‍ രംഗത്ത് നിന്ന് പിന്‍ വാങ്ങുന്നു ....


ഒരു ഇടിവേളക്കായി വീഴുന്ന കര്‍ട്ടന്‍ ........


ഇടവേളയ്ക്കു ശേഷം

ഇടവേള കഴിഞ്ഞു കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ രംഗത്ത് രാജകുമാരിമാരുടെ അന്തപ്പുരം .

രംഗം 5:


രാജകുമാരിമാരുടെ കത്തിയടി കേട്ട് സഹിച്ചിരിക്കുന്ന തോഴിമാര്‍ . മൂത്തവള്‍ ദീദി എന്ന് എല്ലാവരും വിളിക്കുന്ന സാനിയാ ബീഗം ഏതോ ഒരു പൈങ്കിളി മാസിക വായിച്ചു തല തല്ലി ചിരിക്കുന്നു , ( ഇവള്‍ക്ക് പണ്ടേ വട്ടാണ് ഇപ്പോള്‍ ഇത്തിരി മൂത്ത് അതുകൊണ്ട് കേട്യോന്‍ കൊണ്ട് കൊട്ടാരത്തില്‍ ആക്കിയിട്ടു പോയിരിക്കുവാ..)

സാ ബീ : ഹോ ഇവന്‍മാരെന്നെ ചിരിപ്പിച്ചു കൊല്ലും .....

ഇത് കേട്ട് മടിയിലിരുന്ന ലാപ്‌ ടോപ്പില്‍ നിന്നും മുഖമുയര്‍ത്തി ചേച്ചിയെ നോക്കുന്ന രണ്ടാമത്തെ രാജകുമാരി ശ്രീ തമ്പുരാട്ടി .
( ലവള്‍ക്ക് ഇന്‍റര്‍ നെറ്റിലൂടെ മീന്‍ വില്‍പ്പനയാണ് പ്രധാന ഹോബി )

ശ്രീ : എന്താ ജ്യേഷ്ടത്തി പിരി വല്ലതും ലൂസ് ആയോ ??

സ ബീ: ഇല്ലെടീ ദേ ഈ ജമ്പനും തുമ്പനും എന്നെ ചിരിപ്പിച്ചു കൊല്ലും ശോ .......( ഹോ ബാലരമയാ... ഞാന്‍ പേടിച്ചു പോയി ...)

ശ്രീ : ഹോ നാളെ കുട്ടികളെ പഠിപ്പിക്കാനുള്ള പാഠഭാഗങ്ങള്‍ വായിക്കുകയായിരുന്നോ ഞാന്‍ കരുതി ശോ വെറുതെ കൊതിച്ചു .....

ഇവര് രണ്ടു പേരുടേയും മൂന്നു ഡസ്സന്‍ കുട്ടികക്കായി കൊട്ടാരത്തില്‍ ഒരു സ്കൂള് തന്നെ ഉണ്ട് കൂടാതെ കുമാരന്‍മാരുടെ കുരു ഛെ അല്ല ഗുരു കുളം ഛെ വീണ്ടും തെറ്റി കുലവും .

കൊട്ടാരം ആസ്ഥാന വിദൂഷകനുമായി വാക്ക്‌ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നാമത്തെ തല തെറിച്ച ശ്വേതാ കുമാരി തല എടുത്തു ഫിറ്റ് ചെയ്തിട്ട് ജ്യേഷ്ടത്തിമാരുടെ അരികിലേക്കുവന്നു.

ശ്വേ: ഏട്ടത്തിമാര്‍ എന്താ ഒരു തമാശ പറഞ്ഞു ചിരിക്കുന്നതു ഞാന്‍ കൂടി കേള്‍ക്കട്ടെ ......( ലവളുടെ ഇഷ്ട വിനോദം പരദൂഷണവും ആരുമായിട്ടെങ്കിലും തല്ലു കൂടലുമാണ് ....ആര്‍ത്തി മൂത്ത് ഭ്രാന്തായതാ ...ആരെയും കിട്ടിയില്ലെങ്കില്‍ ഏട്ടത്തി മാരുടെ കഷ്ടകാലം ...)

എട്ടത്തിമാരുടെ മുഖം ഇരുണ്ടു ..( തലേ ദിവസ്സം ലവളുടെ കയ്യില്‍ നിന്നും കിട്ടിയ തല്ലില്‍ നടുവിന് നീര് വന്നത് കാരണമാ രണ്ടും കട്ടിലില്‍ നിന്നെണീക്കാത്തത് ...)

സാ ബീ : എന്തിനാ വീണ്ടും തല്ലാനാ ????

ശ്വേ : പോ എട്ടത്തീ ഞാന്‍ നിങ്ങളെ ഇത്തിരി സ്നേഹത്തോടെ സ്പര്‍ശിക്കുന്നത് നിങ്ങള്‍ക്കിഷ്ടമില്ലാല്‍ വേണ്ട ഞാന്‍ പോയേക്കാം ..( മുടി പിടിച്ചു പിച്ചുക ,കടിക്കുക,മാന്തിപ്പറിക്കുക ഇതൊക്കെയാ ലവളുടെ സ്നേഹ പ്രകടനങ്ങള്‍ ...)

പോകുന്നു ....

അന്തപ്പുരത്തിന്‍റെ ജന്നല്‍ വഴി എന്തോ ഒരു കറുത്ത സാധനം അകത്തേക്ക് ചാടി വരുന്നു

ഞെട്ടി പൊട്ടി തെറിക്കുന്ന കുമാരിമാര്‍ .....

തെറിച്ച പീസുകള്‍ തൂത്ത് പറക്കി ചവറ്റു കുട്ടയിലിടുന്ന തോഴിമാര്‍ .....

വന്ന സാധനം പുതച്ചിരുന്ന കറുത്ത തുണി മാറ്റി ....... റെമ്മു തമ്പുരാട്ടി .....( ലവള്‍ വല്യ പുള്ളിയാ ....)

സാ ബീ : നീയിതെവിടുന്നാ മനുഷ്യനെ പീഡിപ്പിക്കാന്‍ ഛെ അല്ല പേടിപ്പിക്കാന്‍ ജനലിലൂടെ വരുന്നത് ...???

റെ ത : ഞാന്‍ ഒരു സെക്കന്റ് ഷോ കാണാന്‍ പോയിട്ട് വന്നതാ ... എന്തെ പേടിച്ചു പോയോ ജ്യേഷ്ടത്തിമാര്‍ ..??

ഇപ്പോള്‍ മനസ്സിലായില്ലേ ലവളെ ....അതാണ്‌ സാധനം ....

ഏതാപടം....ഏതാപടം ...ചോദ്യങ്ങളുമായി ചുറ്റും കൂടിയ അവസ്സാനത്തെ അതോ അവസ്സാനിപ്പിക്കാന്‍ വന്നതോ രണ്ടു സന്താനങ്ങള്‍ ...ഗംഗ (നാഗവല്ലി )തമ്പുരാട്ടിയും , അമൃത (കുഞ്ഞ് )തമ്പുരാട്ടിയും ...
രണ്ടു പേരെയും വിളിച്ചു കൊണ്ട് കഥ പറയാന്‍ പോകുന്ന റെമ്മു തമ്പുരാട്ടി .....( ഇനിയെന്തോക്കെയാനാവോ നടക്കാന്‍ പോകുന്നെ ...)

രംഗം 6 :

കിഴക്ക് സൂര്യന്‍ വെള്ളി കോടാലികൊണ്ട്‌ കീറിയതിനാല്‍ വെളുത്ത നേരം .....


എന്ന് പറഞ്ഞാല്‍ ഒരു ആറ് ആറര ....കഷ്ടി

ചാറ്റിംഗ് പല്‍പൊടിയുമായി പള്ളി തപ്പിനു ഛെ അല്ല പള്ളി തേപ്പിനിറങ്ങിയ ആയില്യം തിരുനാള്‍ വിഷ്ണു തമ്പുരാന്‍റെ നോട്ടം കൊട്ടാരം തൂപ്പുകാരി കാഞ്ചനയെ തേടി അലഞ്ഞു തിരിഞ്ഞു ഗതി കിട്ടാത്ത ശുനകനെ പ്പോലെ ക്ഷീണിച്ചു .അവസ്സാനം നോട്ടം ചെന്ന് നിന്നത് കുശിനിയില്‍ പള്ളി ഇഡ്ഡലിയോടൊപ്പം കഴിക്കാന്‍ പള്ളി ചമ്മന്തി ഉണ്ടാക്കുകയയിരുന്ന ദിവ്യ കന്യകയില്‍

ആ വി : ദിവ്യ കന്യകേ നമ്മോടൊപ്പം ചീറ്റിംഗ് ഛെ അല്ല ചാറ്റിംഗ് ക്ലാസിനു വരുന്നോ ഞാന്‍ പെടു ഛെ അല്ല പഠിപ്പിച്ചു തരാം ചാറ്റിംഗ് എന്താണെന്ന് ....വരുന്നോ ( സ്പെഷ്യലൈസ്ട് ഇന്‍ ചീറ്റിംഗ് ....പക്ഷെ ഇദ്ദേഹം വച്ച വെടി എല്ലാം ചീറ്റിപോകാറാണ് പതിവ് ...)

ഡി ക: ഞാന്‍ പിന്നെ വാരാം അല്ല വരാം കേട്ടോ തമ്പുരാനെ ...( ലവള് ഈ ഒരു വിളി കേള്‍ക്കാന്‍ വേണ്ടി എത്ര നാളായി കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു .....അങ്ങനെയാണ് കൊട്ടാരത്തില്‍ മണ്ണെണ്ണ ക്ഷാമം ഉണ്ടായത് ..)

വിഷ്ണു തമ്പുരാന്‍ ഇത് കേട്ട് ജീവിതത്തില്‍ ആദ്യമായി ലോട്ടറിക്കാരന്‍ അടിച്ചവനെ പ്പോലെ വായും പൊളിച്ചു നിന്ന് പോയി
അതിരാവിലെ കുളിച്ചൊരുങ്ങി ഫൈറാന്‍ഡ് ലൌവലിയുടെ പരസ്യ മോഡലിനെപ്പോലെ ഇറങ്ങി വന്ന ദീപക് തമ്പുരാന്‍ വായും പൊളിച്ചു നില്‍ക്കുന്ന ഏട്ടന്‍ തമ്പുരാനെ കണ്ടു എന്തോ കണ്ട പെരുച്ചാഴിയെ പ്പോലെ ഏട്ടന് ചുറ്റും കറങ്ങി ...

ദീ ത: എന്താ ഏട്ടന്‍ തമ്പുരാനൊരു വൈക്ലബ്യം ???ദിവ്യ കന്യക ഏട്ടനെ പെരുമാറിയൊ??

വേറെ ഏതോ സ്വപ്നലോകത്തായിരുന്ന വിഷ്ണു തമ്പുരാന്‍ ഇതൊന്നും കേള്‍ക്കുന്നില്ല ..!!

ദീ ത: ഏട്ടാ ............ഏട്ടാ ....!!!!

പെട്ടെന്നു ഇലക്ഷന്‍ റിസള്‍റ്റ് അറിഞ്ഞ മുരളീധരനെപ്പോലെ ഞെട്ടിയ ഏട്ടന്‍ തമ്പുരാന്‍ ആദ്യമായി കാണുന്നപോലെ അനിയന്‍ തമ്പുരാനെ നോക്കി ....

വി ത: എന്താടാ ഇതു ?? നീയെന്താ കഥകളി പഠിക്കാന്‍ പോകുന്നോ???ഇതെന്താ ഈ കോലം ??കണ്ടിട്ടു പേടിയാകുന്നു ??

ദീ ത: ഞാന്‍ ഡല്‍ഹിക്കു പോകുന്നു ...!!!???

ഇതു കേട്ടു തള്ളി തള്ളി പുറത്തു ചാടിയ കണ്ണു രണ്ടും കണ്ണാടിയോടൊപ്പം തള്ളി ഉള്ളിലേക്കിട്ടു ഏട്ടന്‍ ചോദിച്ചു

വി ത: ??? എന്തിന്???

ദീ ത : ഹാ ..ഹാ നാലു ദിവസ്സം മുന്‍പ് മറൈന്‍ ഡ്രൈവില്‍ കണ്ടപ്പൊള്‍ എന്നെ നോക്കി ചിരിച്ച മുട്ടന്‍ പീസിനെ ഇന്നലത്തെ സീ എന്‍ എന്‍ ന്യൂസില്‍ കൊണാട്ട് പ്ലേസിനെ കുറിച്ചുള്ള ന്യൂസില്‍ കണ്ടെടാ ഒന്നു തപ്പിയിട്ടു വരട്ടെ !!! അതുമല്ല ആള്‍ ഇന്‍ഡ്യ മുച്ചീട്ടു കളി ഫെഡറേഷന്റെ സമ്മേളനം ഉണ്ടു .അങ്കോം കാണാം താളീം ഒടിക്കാം എങ്ങനേ??...!!!??? (ലതാണു ലവന്‍ ..!!!കമ്പില്‍ തുണി.........പോകും )

വീണ്ടും അംഗത്വം നഷ്ടപ്പെട്ട പിബി അംഗത്തെപ്പോലെ വിഷ്ണനായി നിന്ന വിഷ്ണു , അണ്ണാന്‍ ചിലക്കുന്ന പോലെയുള്ള ഒരു ശബ്ദം കേട്ടാണു ചുറ്റും നോക്കിയതു. ഒന്നും കണ്ടില്ല ,പക്ഷെ വീണ്ടു വീണ്ടും ആശബ്ദം ...
ഇതിന്റെ ഉറവിടം കണ്ടെത്താനാകാതെ വട്ടായ ശേ അല്ല വട്ടു മൂത്ത വിഷ്ണു തമ്പുരാന്‍ നാല് ചുറ്റും തപ്പി നടന്നു ക്ഷീണിച്ചു അവശനായി കിണറ്റിന്റെ കരയിലുണ്ടായിരുന്ന ഒരു കല്ലിന്മേല്‍ കുത്തിയിരുന്നു .
എന്താണു സംഭവിക്കുന്നതെന്നറിയുന്നതിനു മുന്നെ ഏട്ടന്‍ തമ്പുരാന്‍ തെറിച്ചു ദൂരെ വീണു .ഭൂമികുലുക്കമാണെന്നു കരുതി നോക്കിയ ഏട്ടന്‍ കണ്ടത് വളിച്ച ചിരിയുമായി നില്‍ക്കുന്ന ആഷിതമ്പുരാനെയാണ്.

വി ത: അനിയന്‍ തമ്പുരാന്‍ എന്താ ഇവിടെ ഞാന്‍ കല്ലാണെന്നു കരുതിയാ നിന്റെ പുറത്തുകയറിയിരുന്നതു .നീയെന്തെടുക്കുവാ ഇവിടെ ?

ആ ത: ഞാന്‍ ....ഞാന്‍ ..അതു ...!!
അനിയന്റെ പരുങ്ങല്‍ കണ്ട എട്ടനു എന്തോ പന്തികേടു മണത്തു ....ചുറ്റും ശ്വാനന്‍ മണം പിടിക്കുന്നപോലെ അന്തരീക്ഷത്തില്‍ പരതിയ ഏട്ടനു ഒരു പെണ്ണിന്റെ മണം കിട്ടി (ലവന്‍ പണ്ടേ അതിനു മിടുക്കനാ ..!!)

കിട്ടിയ മണത്തിനെ ഹച്ചിന്റെ പരസ്യം പോലെ പിന്തുടര്‍ന്ന ഏട്ടന്‍ തമ്പു ചെന്നെത്തിയതു കുളി മുറിയുടെ പിറകില്‍ . അവിടെ നിന്ന ആളിനെ കണ്ടതും ഏട്ടന്‍ തമ്പു ഉമ്മന്‍ ചാണ്ടിയെകണ്ട കരുണാകരനെപ്പോലെയായി (കയ്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് .......ആ അതു തന്നെ .!!)
അതു സാക്ഷാല്‍ മന്ത്രി പുത്രി ആര്യാന്തര്‍ജ്ജനമായിരുന്നു . അവളെ കണ്ടതും ഏട്ടന്‍ തമ്പുരാന്‍ നാലടി പിന്നോക്കം മാറി (ലവളുടെ കയ്യില്‍ നിന്നും കിട്ടിയിട്ടുള്ളതിന്റെ ചൂട് ഏട്ടന്‍ തമ്പുവിന്റെ മനസ്സിലേക്കോടിയെത്തി ..)

എന്നിട്ടു അനിയന്‍ തമ്പുരാനെ നോക്കി ചോദിച്ചു “നീ ഇവളെ വിളിച്ച ശബ്ദമായിരുന്നോ അത് ??“

ആ ത :അതെ ...!!!

വി ത :എവിടെ ഒന്നു കൂടി ആശബ്ദം ഉണ്ടാക്കിക്കേ..!!

ആഷിതമ്പുരാന്‍ വീണ്ടും ആ ശബ്ദം ഉണ്ടാക്കുന്നു .....പെട്ടെന്നാണു അതു പോലെ ഒരുപാട് ശബ്ദങ്ങള്‍ കേല്‍ക്കാന്‍ തുടങ്ങിയത് . അന്തം വിട്ട മൂന്നു പേരുടെയും നോട്ടങ്ങള്‍ മുറ്റത്തെ മാവിന്‍ കൊമ്പിലേക്കായി




രംഗം 7:

കൊട്ടാരം കുല ഗുരുവിന്‍റെ കുരുഗുലം ശെ അല്ല ഗുരുകുലം ........

വ്യവസ്ഥാപിത തമാശകളുടെ ഭാണ്ടവുമായി കൊട്ടാര വിദൂഷകന്‍ വടകന്‍ രംഗ പ്രവേശം ചെയ്യുന്നു ........

(ഇദ്ദേഹത്തിനെ പറ്റി ഞാന്‍ എന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല....കാരണം ലോക പ്രസ്സിദ്ധനാണ് ....ഉലകം ചുറ്റും വാലിപന്‍ ഇരുന്ന ഇരിപ്പില്‍ ലോകത്തില്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാന്‍ കഴിവുള്ളയാള്‍ ...ഹോ....സമ്മതിക്കണം...തൊലിക്കട്ടി....)

വാ ക : നമ്മള്‍ ഇന്ന് തമാശിക്കാന്‍ പോകുന്നത് വ്യവസ്ഥാപിത തമാശകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെ കുറിച്ചാണ് .

തുടരും ......( ചില സാങ്കേതിക കാരണങ്ങളാല്‍ എഴുതാന്‍ പറ്റാഞ്ഞത്‌ കൊണ്ടാണ് താമസ്സിക്കുന്നത്‌ .
പിന്നെ ബാലൈ എന്തായി എന്ന് ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്കായി ഒരു സാമ്പിള്‍ വെടിക്കെട്ട് ഇത് ഇനി പൊട്ടി കൊണ്ടേ ഇരിക്കും ..ആരും മുഷിയരുതു ...)







-----------------------------------------------------------------------------------